അത്ഭുതങ്ങൾ ഉണ്ടാകുന്നത് എങ്ങനെ?

 എങ്ങനെയാണ് അത്ഭുതം ഉണ്ടാവുന്നത്?

അത്ഭുതം ഉണ്ടാവുകയല്ലല്ലോ. ഉണ്ടാക്കുകയല്ലേ.

ആ എങ്ങനെയാണ് അത്ഭുതം ഉണ്ടാക്കുന്നത്?

എനിക്ക് കൃത്യമായി അറിയില്ല, എന്നാലും ശ്രമിക്കാം.

ആദ്യം പനി മാറിയത് പ്രാർഥന കൊണ്ടാണെന്ന് പറയണം.
പിന്നെ പരീക്ഷക്ക് മാർക്ക് കിട്ടിയത് പ്രസ്തുത അത്ഭുതപ്രവവത്തകൻ കാരണമാണെന്ന് പറയണം.
പിന്നെ ഡോക്ടർമാർ പോലും കയ്യൊഴിഞ്ഞ കേസുകൾ ടിയാൻ സുഖപ്പെടുത്തി എന്നു പറയണം.
ഇനി ആൾ മുന്നേ മരിച്ചു അടക്കിയ ആളാണെങ്കിൽ കുഴി മാന്തി നോക്കണം.

ശവത്തിന്റെ എന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ അത് ആൾ വിശുദ്ധനായതുകൊണ്ടാണെന്ന് തള്ളണം. എന്നിട്ട് കുറേ ഫോട്ടോ എടുത്തിട്ട് വീണ്ടും കുഴിച്ചിടണം.

അതെന്തിനാ?

ഇരുന്ന് ദ്രവിച്ചു പോയാൽ മുന്നേ പറഞ്ഞത് തള്ളാണെന്ന് മനസ്സിലാവില്ലേ?

ഓ അങ്ങനെ. അല്ല, ഇനി ശവം വച്ചപോലെ തന്നെ ഇരിക്കുകയാണെങ്കിലോ? അല്ല, അങ്ങനെയുള്ള കേസുകളും ഉണ്ടല്ലോ.

ആ അങ്ങനെയുള്ള കേസും ഉണ്ട്. അങ്ങനെ കിട്ടാൻ ആൾ വിശുദ്ധനാകണമെന്നൊന്നും ഇല്ല. എക്സ്ഹ്യൂമേഷൻ നടത്തിയപ്പോഴും അല്ലെങ്കിൽ വീണ്ടും ശവമടക്കിന് കല്ലറ തുറന്നപ്പോഴുമെല്ലാം മുന്നേ കുഴിച്ചിട്ട ശവങ്ങൾ കേടൊന്നും ഇല്ലാതെ കിട്ടിയ സംഭവങ്ങൾ ഉണ്ട്. ഭരണങ്ങാനത്ത് സിസ്റ്റർ അൽഫോൻസയുടെ കല്ലറയ്ക്കടുത്ത് മിസ് കുമാരി എന്ന പഴയൊരു സിനിമാനടിയെ അടക്കിയിരുന്നു. വിഷം ഉള്ളിൽ ചെന്നാണ് അവർ മരിച്ചത്. ആ മരണം കൊലപാതകം ആണെന്ന പരാതിയുടെ അടിസ്ഥാനത്തിൽ മൃതദേഹം കുഴിച്ചെടുത്ത് വീണ്ടും പോസ്റ്റ്മോർട്ടം ചെയ്തിരുന്നു. അടക്കം ചെയ്തിട്ട് ഒരു വർഷത്തിനു ശേഷമായിരുന്നു അത്. കുഴിച്ചെടുത്തപ്പോൾ ആ ശരീരത്തിന് കേടൊന്നും ഉണ്ടായിരുന്നില്ല. ഈ സംഭവം ഡോ. ബി ഉമാദത്തന്റെ ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ എന്ന പുസ്തകത്തിൽ വിശദീകരിച്ചിട്ടുണ്ട്. അവർ വിശുദ്ധയോ മറ്റോ അല്ലാതിരുന്നതുകൊണ്ട് അധികം ആരും അറിഞ്ഞില്ല.

അല്ല, അതെങ്ങനാ കേടാവാതിരിക്കുന്നേ?

അതിന് പല കാരണങ്ങളും ഉണ്ടാകും. മരിച്ച ആളിന്റെ ശരീരപ്രകൃതിയും മറ്റും കാരണം മണ്ണിനടിയിൽ വായു ഇല്ലാത്ത അവസ്ഥയിൽ ശരീരം സ്വാഭാവികമായി മമ്മി പോലെ ആകാം. കുഴിച്ചിട്ടത് വരണ്ട സ്ഥലത്താണെങ്കിലും ശരീരത്തിലെ ജലം നഷ്ടപ്പെട്ട് അങ്ങനെയാകാം. അതല്ലെങ്കിൽ ശവം വച്ചിടത്ത് ശവം ചീയാൻ കാരണക്കാരായ സൂക്ഷ്മജീവികളോ മറ്റു ഘടകങ്ങളോ ഇല്ലെങ്കിലും ശവം നശിക്കില്ല.

അപ്പോൾ പുഴുക്കൾ തിന്നില്ലേ?

തിന്നാൻ പുഴു ഉണ്ടാകണമെങ്കിൽ ഈച്ച വന്ന് മുട്ടയിടണം. അതിന്റെ ലാർവ ആണ് മണ്ണിനു മുകളിൽ കിടക്കുന്ന ശവത്തിൽ കാണുന്നത്. മണ്ണിനടിയിൽ ഇതിന് സാധ്യത കുറവാണ്.

ഓ അപ്പോൾ ശവം ചീയാതിരിക്കുന്നതിൽ അത്ഭുതം ഒന്നും ഇല്ല അല്ലേ.

സത്യത്തിൽ ഇല്ല. പക്ഷേ നമ്മൾ അത് അത്ഭുതമാണ് എന്നൊക്കെ പറഞ്ഞു പരത്തണം.
പിന്നെ ഇപ്പോൾ കാര്യങ്ങൾ കുറേക്കൂടി എളുപ്പമാണ്. പലതരം രാസപദാർത്ഥങ്ങളും മറ്റും ഉപയോഗിച്ച് ശവശരീരം യാതൊരു കേടും കൂടാതെ വയ്ക്കാൻ സാധിക്കും. പണ്ട് മമ്മികൾ ഉണ്ടാക്കുന്നതിന്റെ ആധുനിക രൂപം. എന്നിട്ട് അതും അത്ഭുതമാണെന്ന് പറയണം.

അത്രേയുള്ളൂ?

അതെ. അത്രേയുള്ളു.

എന്നാ പിന്നെ ഞാനും ഒരു കൈ നോക്കാം.



Comments

Popular posts from this blog

മാനത്തെ മണിമാളികകള്‍

Death Room